AGREESH VS
എന്നിൽ ഞാൻ കണ്ട ഏറ്റവും വലിയ പ്രതേകത എന്റെ പേര് തന്നെയാണ് . വലിയ ആംഗലേയ പരിജ്ഞാനമൊന്നും ഇല്ലാത്ത എന്റെ അച്ഛൻ കണ്ടുപിടിച്ച ഒരു വെറൈറ്റി പേര്. ജനിച്ചതും വളർന്നതും അങ്കമാലിക്കടുത്തു കിടങ്ങൂർ ഗ്രാമത്തിൽ. അങ്കമാലിലെ പിള്ളേരൊളൊക്കെ കലിപ്പാണെന്നാ പറയണേ, ഞാനും ഇച്ചിരെ കലിപ്പനാ , സ്വയം തന്നെ, സത്യം പറയാലോ ആരേലും ഒന്ന് ചുമ്മാ നോക്കിയാ തന്നെ ഞാൻ പേടിക്കും. കുളപ്പുരക്കാവ്ക്ഷേത്രത്തിന്റെ അടുത്ത് തന്നെയായിരുന്നു വീട്, ഒരു കൊച്ചു വീട്.അച്ഛൻ പാചകക്കാരനാ, അതിന്റെ ചെറിയൊരു ഗുണം കിട്ടിയെന്നു പറയാം. അമ്മ വളരെ പഞ്ച പാവം. ഒരു അനിയൻ ചെറുക്കനും ഉണ്ട്. ഇപ്പോൾ താമസം അങ്ങ് മലയാറ്റൂരിന്റെ കീഴെയാണ് , പക്ഷെ എപ്പഴും കിടങ്ങൂര് തന്നെയായിരുന്നു ഒരു രസം. അമ്പലങ്ങളാൽ ചുറ്റപ്പെട്ട ഗ്രാമം , ഞങ്ങളുടെ കുടുംബ ക്ഷേത്രമമടക്കം 7 ഓളം ക്ഷേത്രങ്ങളുണ്ട് കിടങ്ങൂരിൽ.
ജനനം
ഷണ്മുഖൻ ഗീത ദമ്പതികളുടെ മൂത്ത പുത്രനായി മഞ്ഞപ്ര സർക്കാർ ആശുപത്രിയിൽ ജനനം, ഒരു ചൊവ്വാഴ്ച, നട്ടുച്ച നേരത്തു വിഷു കഴിഞ്ഞു 3 ആം നാൾ. ചൊവ്വാഴ്ച ആയതിനാലാണോ അതോ നക്ഷത്രം അനിഴം ആയതിനാലാണോ എന്നറിയില്ല ജനിച്ചപ്പം തൊട്ടു ശനി കൂടെ ഉണ്ടെന്ന് ആരോ ഈ ഇടക്ക് പറഞ്ഞതായി ഓർക്കുന്നു. കണ്ടക ശനി ആണോ അതോ വേറെ വല്ലോം ആണോ എന്ന് ഒരു നിശ്ചയില്ലാ .
പഠനം
ആകെ പഠിച്ച 18 കൊല്ലത്തിൽ 9 കൊല്ലം വീട്ടിലും ബാക്കി 9 കൊല്ലം ഹോസ്റ്റലിലുമായി അനുഭവിച്ചറിഞ്ഞു. 4 ആം ക്ലാസ് വരെ ശ്രീ ഭദ്ര ലോർ പ്രൈമറി സ്കൂളിലാർന്നു. ആ പരിസരത്തെ , അന്നത്തെ എല്ലാവരുടെയും പ്രൈമറി വിദ്യാഭ്യാസം അവിടെത്തന്നെ ആർന്നു. പിന്നെ ഒരു ആര് വര്ഷം, ജീവിതത്തിൽ ഒരിക്കൽ പോലും മറക്കാൻ പറ്റാത്ത ജീവിതം. 5 മുതൽ 10 വരെ, ആലുവക്ക് അടുത്തുള്ള മോഡൽ റെസിഡന്റിൽ സ്കൂളിലായിരുന്നു. ഇണക്കങ്ങളും പിണക്കങ്ങളും ആഘോഷവും എല്ലാം നിറഞ്ഞ സ്കൂൾ ജീവിതം. സ്കൂളിലെ യുവജനോത്സവ വേദികൾ, പുറമെയുള്ള മത്സ്സരങ്ങൾ അങ്ങനെ അത്യാവശ്യം കാര്യങ്ങളൊക്കെ അവിടെന്നു കിട്ടി.അതിലുപരി സ്നേഹ സമ്പന്നരായ അദ്ധ്യാപകർ.
പ്ലസ് ടു കാലഘട്ടമൊക്കെ വളരെ പെട്ടെന്നാണ് തീർന്നത് , ബയോളജി ആയിരുന്നു, പിന്നെ പോളിയിൽ 3 വര്ഷം, ആ മൂന്നു വർഷവും ഒരിക്കലും മനസ്സിൽ നിന്നും കളയാൻ പറ്റില്ല, കോളേജ് ആർട്സും, ഇന്റർപോളിയുമൊക്കെപുതിയ പുതിയ അനുഭവങ്ങൾ തന്നെയായിരുന്നു. പഠനം ഇവിടം കൊണ്ട് നിർത്തണം, നല്ല ജോലിയൊക്കെ കിട്ടണം എന്നൊക്കെയാ വിചാരിച്ചതു. പെട്ടെന്നൊരു തോന്നല് വന്നു ലെറ്റ് എഴുതാമെന്ന്. നമ്മൾക്കീ സംവരണം ഒക്കെ ഉള്ളത്കൊണ്ട് ഗവൺമെന്റിൽ തന്നെ കിട്ടി(ഈ സംവരണം ഉള്ളതുകൊണ്ടാണ് ഇത്രേം പഠിച്ചത്). അങ്ങനെ ബി ടെകും ഡിപ്ലോമയും ഒക്കെ ഭദ്രയിട്ടിരിക്കുന്നു.

